
ആകാശത്തില്‍ നിന്നും ഭൂമിയിലേക്ക് അന്ധകാരം ഇരച്ചിറങ്ങാന്‍ തുടങ്ങിയപ്പോഴേക്കുതന്നെ വിളക്കുമരങ്ങള്‍ അവരുടെ ഉത്തരവാദിത്ത നിര്‍വ്വഹണത്തിന്റെ സൂചനയെന്നോണം ദീപ പുഷ്പങ്ങള്‍ വിടര്‍ത്താന്‍ തുടങ്ങിയിരുന്നു. ദൂരെനിന്നുള്ള ആ ഒരു കാഴ്ച്ചയില്‍ കറുത്ത ക്യാൻവാസിൽ സ്വര്‍ണ്ണനിറത്തിൽ ആരോ വരച്ചിട്ട എണ്ണഛായാചിത്രം പോലെ ആ അന്തിച്ചന്ത കാണപ്പെട്ടു. അടുത്തേക്ക് ചെല്ലുന്തോറും കാഴ്ചകൾ കൂടുതൽ വ്യക്തമാകുന്നതിനോടൊപ്പം തന്നെ ശബ്ദ കോലാഹലങ്ങളും കൂടിക്കൂടി വന്നു. ചന്തയുടെ കിഴക്കേ മൂലയ്ക്ക് ഉന്തുവണ്ടിയിൽ സെറ്റ് ചെയ്ത ഒരു തട്ടുകടയുണ്ട്. അവിടെ നല്ല ചൂട് പൊറോട്ടയും പോട്ടിയും കിട്ടും. ഈ നേരത്ത് ചന്തയിലേക്ക് വരുവാൻ എന്നെ പ്രേരിപ്പിക്കുന്ന ഒരു ഘടകം അതാണ്. പൊറോട്ട കഴിച്ചു കഴിഞ്ഞാലും ഒരു സിഗററ്റും വലിച്ച് ഈ കാഴ്ചകളും കണ്ടുകൊണ്ട് ചന്ത പിരിയുന്ന നേരം വരെ ഞാൻ ഇവിടെ ചുറ്റിത്തിരിഞ്ഞു നടക്കാറാണ് പതിവ്.
പണ്ട് നാട്ടിലായിരുന്നപ്പോൾ കുറച്ചു സമയമെങ്കിലും മറ്റാരുടെയും ശല്യം ഇല്ലാതെ ഒറ്റയ്ക്ക് ഒന്നിരിക്കാൻ കഴിഞ്ഞെങ്കിലെന്ന് ഒരുപാട് ആശിച്ചിട്ടുണ്ട്. എന്നാൽ ഇന്ന് ഈ നാട്ടിൽ എന്റെ ഓഫീസും കിടപ്പുമുറിയും ഒക്കെ അടക്കിഭരിക്കുന്നതു നിശബ്ദതയാണ്. അതിനു ഭംഗം വരുത്തിക്കൊണ്ട് ഇടയ്ക്കു വരുന്ന ഫോൺ കോളുകൾ മാത്രമാണ് എനിക്ക് പുറം ലോകവുമായുള്ള ഏക ബന്ധം. ഈ ചന്തയും ആൾക്കൂട്ടവും ശബ്ദകോലാഹലങ്ങളും എനിക്ക് എത്രത്തോളം സന്തോഷം പ്രദാനം ചെയ്യുന്നെണ്ടെന്ന് വാക്കുകളാൽ വിവരിക്കുക എളുപ്പമല്ല. മൂളിപ്പാട്ടും പാടി പ്രകാശിക്കുന്ന ഇന്‍കാന്‍ഡസെന്റ് തെരുവ് വിളക്കുകളുടെ മഞ്ഞവെളിച്ചത്തിലൂടെ ഞാൻ ആ തട്ടുകടയിലേക്ക് നടന്നു കയറി.
അഞ്ച് രൂപയുടെ സാധനത്തിന് ഇരുപത്തഞ്ച് രൂപ വിലയിട്ട് അത് ചന്ത പിരിയാന്‍ നേരമായതുകൊണ്ട് ഇരുപത് രൂപയ്ക്ക് തന്നേക്കാം എന്ന് ഔദാര്യസ്വരത്തില്‍ കച്ചവടക്കാരന്‍ പറയുമ്പോഴും തുടര്‍ന്നും വില പേശി ആ സാധനം പതിനഞ്ച് രൂപയ്ക്ക് കച്ചവടം ഉറപ്പിച്ച് അതും വാങ്ങി ത്രിലോകങ്ങളും കീഴടക്കിയെന്ന ഭാവത്തില്‍ നെഞ്ചും വിരിച്ച് നടന്നുപോകുന്ന ആളുകളെയും വെറുതെ അന്ന്യോന്യം പുലഭ്യം പറഞ്ഞുകൊണ്ട് പോകുന്ന ചെറുപ്പക്കാരെയുമെല്ലാം നോക്കിയിരുന്നുകൊണ്ട് ഞാൻ പൊറോട്ടയും പോട്ടിയും ആസ്വദിച്ചു കഴിച്ചു.
പൊറോട്ട കഴിച്ചു കഴിഞ്ഞാൽ പിന്നെ പുകവലിയാണ്. വലി തുടങ്ങിയാൽ പിന്നെ നടന്നേ പറ്റൂ. അതാണ് ശീലം. അത്താഴം കഴിച്ചു കഴിഞ്ഞാല്‍ കുറച്ചു നടക്കുന്നത് നല്ലതാണല്ലോ.. അങ്ങനെ ചന്തയുടെ ഒരറ്റത്ത് നിന്നും ഞാൻ നടത്തം തുടങ്ങി.
തട്ടുകടയുടെ മുന്നിൽ നിന്നും ഇടത്തേക്ക് തിരിഞ്ഞാൽ കച്ചവടക്കാർ നിരനിരയായി ഇരിക്കുന്നത് കാണാം. തട്ടുകടയുടെ വലതു ഭാഗം ചതുപ്പാണ്. അതിനുമപ്പുറം കരിമ്പിൻ തോട്ടം. കഞ്ചാവും ചാരായവുമൊക്കെ വിൽക്കുന്നവർ അവിടെയാണ്. പക്ഷേ കൂടുതൽ പേരും അങ്ങോട്ട് പോകുന്നത് ചന്തയിൽ നിന്നും വാടകയ്ക്ക് എടുക്കുന്ന വേശ്യകളെ ഭോഗിക്കാനാണ്. ഒരു വേശ്യയെ ഒരാൾക്ക് മാത്രമായോ ഒന്നിലധികം പേർക്ക് കൂട്ടമായോ വാടകയ്ക്ക് നൽകുന്ന കച്ചവടക്കാർ ഈ ചന്തയിൽ ധാരാളമുണ്ട്. അതുകൊണ്ടുതന്നെ വലതുഭാഗത്തേക്കു നോക്കാതെ ഞാൻ ഇടതുഭാഗത്തേക്കു നടത്തം തുടർന്നു.
ആദ്യം പച്ചക്കറിക്കച്ചവടക്കാരാണ്. പൂർണ്ണമായും ജൈവകൃഷിരീതിയിൽ ഉത്പാദിപ്പിച്ച വിളകളാണ് ഇവിടെ വില്‍ക്കുന്നതെന്നാണ് കച്ചവടക്കാരുടെ പക്ഷം. പച്ചക്കറിക്കച്ചവടക്കാരിൽ കൂടുതലും പ്രായമായ സ്ത്രീകളാണ്. അതുകൊണ്ട് അവരെ പെട്ടെന്ന് പറ്റിച്ചു പോകാൻ പറ്റുമെന്ന് കരുതണ്ട. ഇവിടെ വന്ന് വിളവിറക്കിയാൽ നല്ല പുളിച്ച തെറി പറയാനും വേണ്ടി വന്നാൽ അരിവാൾ എടുത്തു വീശാനും ഈ അമ്മച്ചിമാർക്കു ഒരു മടിയും ഇല്ല.
നടത്തം തുടരുമ്പോൾ, പിന്നെ വസ്ത്രക്കച്ചവടക്കാരാണ്. കച്ചവടക്കാരായി ആണുങ്ങളും പെണ്ണുങ്ങളുമൊക്കെയുണ്ട്. കൂടുതലും ചെറുപ്പക്കാരാണ്. വാങ്ങാൻ വന്നവരും നേരമ്പോക്കിന് വേണ്ടി മാത്രം വിലപേശുന്നവരും തുണികൊണ്ടു മറച്ച ട്രയൽ റൂമുകളിൽ വസ്ത്രങ്ങൾ ധരിച്ചു നോക്കുന്ന സ്ത്രീകളെ ഒളിഞ്ഞുനോക്കാൻ തക്കം പാർത്തു നടക്കുന്നവരും ഒക്കെയായി ആളുകളുടെ വലിയൊരു കൂട്ടം തന്നെ ഇവിടെ ഉണ്ട്. അതിനപ്പുറം ഭക്ഷണശാലകളാണ്. അവിടുത്തെ ഭക്ഷണം രുചിയുടെ കാര്യത്തിൽ തട്ടുകടയിലെ ഭക്ഷണത്തിന്റെ ഏഴയലത്ത് വരില്ല എന്നത് ഞാൻ തന്നെ അനുഭവിച്ചറിഞ്ഞിട്ടുള്ള കാര്യമാണ്.
ആൾക്കൂട്ടത്തിന്റെ ഇടയിലൂടെ നടന്ന് പുരുഷന്മാരുടെ ദേഹത്ത് മുട്ടിയുരുമ്മി കസ്റ്റമറെ പിടിക്കാൻ ശ്രമിക്കുന്ന വേശ്യകൾ കൂടുതൽ ഉള്ളതും ഈ ഭാഗത്താണ്. അതിനപ്പുറം സ്റ്റീൽ പാത്രങ്ങളും മൺപാത്രങ്ങളും ഒക്കെ വിൽക്കുന്നവർ, കലപില കൂട്ടുന്ന പെണ്ണുങ്ങളാണ് അവിടെ മുഴുവൻ. അതിനുമപ്പുറം ഇറച്ചിക്കടക്കാർ. ഇവിടുന്നു ഇടത്തേക്ക് വീണ്ടും പോയാൽ വീടുകളിൽ നിന്നും ഉണ്ടാക്കി കൊണ്ടുവന്ന പലഹാരങ്ങൾ വിൽക്കുന്ന സ്ത്രീകളാണ്. നേരെ പോയാൽ കന്നുകാലി കച്ചവടക്കാർ. കന്നുകാലി കച്ചവടക്കാരെയും കടന്നു ഇടതുവശത്തേക്ക് തിരിഞ്ഞാൽ പൂജ സാധങ്ങൾ വിൽക്കുന്നവരാണ്. പൂജാ സാധങ്ങൾ എന്നാൽ കർപ്പൂരവും ചന്ദനത്തിരിയും ഒന്നും ആണെന്ന് കരുതണ്ട. ഇരുട്ടിന്റെ ദേവതമാർക്ക് പൂജ ചെയ്യുന്നതിനുള്ള സാധനങ്ങളാണ് ഇവിടെ കിട്ടുന്നത്. ഒരു നുള്ള് വെളുത്ത പൂച്ചയുടെ പൂടയും നാല് പല്ലിയുടെ വാലും മൂന്നു തുള്ളി പ്രാവിന്റെ കണ്ണീരും കന്യകയുടെ പൊക്കിളിൽ നിന്നും കുത്തിയെടുത്ത ഒരുതുള്ളി രക്തവും കൂട്ടിയരച്ചു പൂജ ചെയ്‌താൽ ഇരുട്ടിന്റെ ദേവതമാരെ പ്രീതിപ്പെടുത്താൻ കഴിയുമത്രേ. ഈ പരിപാടിക്കുള്ള മന്ത്രവിധികൾ അടങ്ങിയ പുസ്തകങ്ങളും അതിനുവേണ്ട പരിശീലനം കൊടുക്കുന്നവരെയും ഒക്കെ ഇവിടെ കാണാം. കുറച്ചുകൂടി ഉള്ളിലേക്ക് നടന്നാൽ മറ്റെവിടെയും കിട്ടാത്ത പല സാധങ്ങളും ഇവിടെ കിട്ടും. ഓന്തിന്റെ തോല് മുതല്‍ വവ്വാലിനെ മുട്ടയും കുതിരയുടെ കൊമ്പും വരെ ഇവിടെ വാങ്ങാൻ കിട്ടും.
അവിടുന്ന് നേരെ എതിർ ഭാഗത്തേക്കാണ് നടക്കുന്നതെങ്കിൽ കുറച്ച് ബ്രോക്കർമാരെ കാണാം. അവയവങ്ങളാണ് അവർ വിൽക്കുന്നത്. പാതി കാശ് കൊടുത്ത് ഓർഡർ കൊടുക്കണം. ബാക്കി ഒക്കെ അവര് നോക്കിക്കോളും. കേട്ടറിവാണ് കൃത്യമായി അറിയില്ല. അവിടുന്ന് മുന്നോട്ട് നടന്നാൽ പൂക്കൾ വിൽക്കുന്നവർ, മൽസ്യക്കച്ചവടക്കാർ, വണ്ടിക്കച്ചവടക്കാർ, അങ്ങനെ ആകെ ബഹളമാണ്. ഈ കോലാഹലങ്ങൾക്കിടയിലൂടെ ഇങ്ങനെ നടക്കുന്നതിനോടാണ് എനിക്ക് താല്പര്യം.
കുറച്ചുകൂടി മുന്നോട്ടു നടന്നപ്പോൾ അവിടെ ഒരു കച്ചവടക്കാരാണ് മുന്നിൽ ഒരു ചെറിയ ആൾക്കൂട്ടം. സംഗതി എന്തണെന്നറിയാൻ ഞാൻ അങ്ങോട്ട് ചെന്നു. കുറെ ഓട്ടുപാത്രങ്ങള്‍ വില്‍ക്കാന്‍ വെച്ചിരിക്കുന്ന ഒരു കച്ചവടക്കാരൻ. കൂടെ ഒരു പ്രായമായ സ്ത്രീയും ഇരിക്കുന്നുണ്ട്. കച്ചവടക്കാരൻ തറയിലും പ്രായമായ സ്ത്രീ ഒരു കസേരയിലുമായാണ് ഇരിക്കുന്നത്. പക്ഷെ ഈ ചന്തയിലെ മറ്റു കച്ചവടക്കാരികളെ പോലെ പരുഷമായ മുഖ ഭാവം അല്ല. വലത്തോരു നിസ്സംഗതയാണ് അവരുടെ മുഖത്ത്. കൂടി നിന്ന ആളുകളിൽ ഒരുവനോട് ഞാൻ സംഭവം എന്താണെന്നു അന്വേഷിച്ചു.
“ഇയാളുടെ അമ്മയെ വില്‍ക്കാന്‍ വെച്ചിരിക്കുവാ..’’
അയാൾ ഒരു ഭാവഭേദവും ഇല്ലാതെ പറഞ്ഞു.
“അമ്മയെ വിൽക്കുകയോ..?’’
എനിക്ക് ആകാംഷ കൂടി. അങ്ങനെ ഒരു പരിപാടി ഇതുവരെ കേട്ടിട്ട് കൂടി ഇല്ല. ഇനി വിൽക്കാൻ ആണെങ്കിൽ തന്നെ ഇത്രയും പ്രായമായ ഒരു സ്ത്രീയെ ആര് വാങ്ങാനാണ്. ഇനി എന്താകും എന്ന് അറിയാനുള്ള ജിജ്ഞാസയോടെ ഞാൻ അവിടെ തന്നെ നിലയുറപ്പിച്ചു. കൂട്ടത്തിൽ ഒരുവൻ മുൻപോട്ടു വന്നു ചോദിച്ചു.
“തള്ളയുടെ കമ്മല് മാത്രമായി കൊടുക്കുമോ..?”
“പിന്നെന്താ.. എല്ലാം വില്‍ക്കാനുള്ളതാ.. പക്ഷെ രൊക്കം കാശ് തരണം.”
കച്ചവടക്കാരൻ പറഞ്ഞു. ആ സ്ത്രീ കമ്മൽ ഊരി മകന്റെ കയ്യിൽ കൊടുത്തു. മകൻ തൂക്കം നോക്കി കണക്ക് കൂട്ടി വില പറഞ്ഞു.
ഈ വിലയ്ക്കാണെങ്കിൽ ഞാൻ വാങ്ങിക്കോളാം എന്ന് പറഞ്ഞു മറ്റൊരുവനും വന്നു. ആദ്യം പറഞ്ഞത് ഞാനല്ലേ എന്നായി ആദ്യം വന്നവൻ. കൂടുതൽ കാശ് തരുന്നവന് കമ്മൽ തരാം എന്ന് കച്ചവടക്കാരനും പറഞ്ഞതോടെ കാഴചക്കാർക്കും ആവേശമായി. അങ്ങനെ കമ്മലിന് വേണ്ടി ഒരു ലേലം വിളി തന്നെ നടന്നു. കച്ചവടക്കാരൻ അത്യാവശ്യം കാശ് ഉണ്ടാക്കുകയും ചെയ്തു. പിന്നങ്ങോട്ട് കച്ചവടം തകൃതിയായി നടന്നു.
ഞാൻ അടുത്തൊരു സിഗററ്റ് കത്തിച്ചു അടുത്തുണ്ടായിരുന്ന ഒരു അര മതിലിൽ കയറി ഇരുന്നു. ചെമ്പു പാത്രങ്ങളും ആ സ്ത്രീയുടെ ആഭരണങ്ങളും എന്തിനു കാലിലെ ചെരുപ്പ് വരെ വിറ്റു പോയി. പക്ഷെ അവരെ മാത്രം ആരും വാങ്ങിയില്ല. നാളിതുവരെ ആരും കണ്ടിട്ടില്ലാത്ത ഈ അന്തിക്കച്ചവടം കാണാൻ ഒരു പറക്കും തളികയിൽ വിദൂര ഗ്രഹത്തിൽ നിന്നും കുറച്ചുപേർ വന്നു. പ്രത്യേക തരം മാസ്ക് ഒക്കെ വെച്ച് അവരും എനിക്കൊപ്പം അരമതിലിൽ ഇരിപ്പുറപ്പിച്ചു. കച്ചവടകാഴ്ചകൾ കണ്ടു കൊണ്ട് അവർ എന്നോട് ചന്തയെപ്പറ്റി ചോദിച്ചു.
എനിക്കറിയാവുന്ന കാര്യങ്ങളൊക്കെ ഞാൻ അവർക്കും പറഞ്ഞു കൊടുത്തു. പൊറോട്ടയെപ്പറ്റി പറഞ്ഞത് കേട്ട് അവരിൽ ഒരുവൻ തട്ടുകടയിലേക്കു ചിതറിയോടി. അവരിൽ ഒരാൾ എന്നോട് ഒരു പുക ചോദിച്ചു ഞാൻ കൊടുക്കുകയും ചെയ്തു. അപ്പോഴതാ വേറൊരാൾ വന്ന് ഇത്ര നേരം കച്ചവടക്കാരനോട് ആരും ചോദിക്കാതിരുന്ന ഒരു ചോദ്യം ചോദിച്ചു. ഞങ്ങൾ അരമതിലിൽ നിന്നിറങ്ങി കുറച്ചുകൂടി അടുത്തേക്ക് നീങ്ങി നിന്നു.
“നിങ്ങൾ എന്താണീ ചെയ്യുന്നത് ? അമ്മയെ ആരേലും വിൽക്കാൻ വെക്കുമോ ?”
“വിലപിടിപ്പുള്ളതല്ലേ വിൽക്കാൻ പറ്റൂ.. അതുകൊണ്ടാണ് വിൽക്കുന്നത്.. നിങ്ങള്‍ക്ക് വേണോ.. രൊക്കം കാശു തന്നിട്ട് കൊണ്ടുപൊക്കോ..”
കച്ചവടക്കാരൻ പറഞ്ഞു.
“വിലപിടിപ്പുള്ളത് എന്തും വിൽക്കാം എന്നാണോ..?”
“പിന്നല്ലാതെ.”
“കാരണവന്മാർ തന്നതെല്ലാം വിറ്റാണ് ഞാൻ ഇത്രയും നാൾ തിന്നത്.. ഇനി വിൽക്കാൻ ഈ ചെമ്പു പാത്രങ്ങളും അമ്മയും മാത്രമേ ബാക്കിയുള്ളൂ. ഞാൻ ഒരു കച്ചവടക്കാരൻ അല്ലെ.. വിൽക്കാൻ വേറൊന്നും ഇല്ലാതെ വരുമ്പോൾ ഏറ്റവും വിലപിടിപ്പുള്ളതും ഏറ്റവും പ്രിയപ്പെട്ടതും ആയ സംഗതികൾ വരെ വിൽക്കേണ്ടി വരും. നിങ്ങള്‍ക്ക് അമ്മയെ വേണോ? കാശു തന്നിട്ട് കൊണ്ടുപൊയ്‌ക്കോ.”
“ഈ പ്രായമായ സ്ത്രീയെ വാങ്ങിയിട്ട് എനിക്ക് എന്തിനാണ്?”
“എയ്, ഇത് അങ്ങനെ വെറും പ്രായമായ സ്ത്രീ അല്ല.”
“അവരുടെ കയ്യിലെ തഴമ്പ് കണ്ടില്ലേ.. എന്റെ ഈ തടിയില്ലേ. ഇത് ഈ രൂപത്തിൽ ആക്കിക്കൊണ്ടുവരാൻ അവര് ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. അതിന്റെ സ്മാരകങ്ങളാണ് അവ.”
“അത് മാത്രമല്ല. ഇവര് രാത്രി അങ്ങനെ ഉറങ്ങാറൊന്നും ഇല്ല. രാത്രിയിലും ഉണർന്നിരുന്നു കുട്ട നെയ്യുകയാവും. രാവിലെ അത് കൊണ്ടുപോയി വിറ്റു ആ കാശിനു സാധങ്ങൾ മേടിച്ച് എനിക്ക് ഭക്ഷണം ഉണ്ടാക്കി തന്നിട്ടുണ്ട്. അപ്പോഴും ഇവര് കുറച്ചേ കഴിക്കൂ.. ബാക്കിയുള്ള കാശും എനിക്ക് തരും. അസുഖം വരുമ്പോൾ മരുന്നും കൊണ്ടുത്തരും. മരണം മുന്നിൽ കണ്ടുകൊണ്ട് ആശുപത്രിയിൽ കിടന്നപ്പോൾ ചോരയും ഊറ്റി തന്നിട്ടുണ്ട്.”
“കള്ളുകുടിച്ചു ലക്കില്ലാതെ തുണിയില്ലാതെ നടുറോട്ടിൽ കിടന്നപ്പോൾ ഉടുതുണിയും തന്നതാണ്. അതുകൊണ്ടാണ് പറയുന്നത് ഇത് സാധാരണ സ്ത്രീയല്ല. എന്റെ അമ്മയാണ്. വേറെ ആരുടേയും അമ്മയെപ്പോലെ സാധാരണ അമ്മയുമല്ല. അമ്മമാരിൽ വെച്ച് ഏറ്റവും ശ്രേഷ്ഠയായ സ്ത്രീയാണ് ഇവർ. നിങ്ങള്‍ക്ക് വേണോ.. രൊക്കം കാശു തന്നിട്ട് കൊണ്ടുപോക്കോ..”
കച്ചവടക്കാരൻ പറഞ്ഞുനിർത്തി. കാഴ്ചക്കാർ പരസ്പരം മുഖത്തോടു മുഖം നോക്കി എന്തൊക്കെയോ പിറുപിറുത്തു. ചിലർ കണ്ണുനീർ വാർത്തു. മറ്റുചിലർ കണ്ണ് തുടച്ചുകൊണ്ട് അടുത്ത രംഗം കാണുവാൻ തയ്യാറായി.
കച്ചവടക്കാരൻ അടുത്തിരുന്ന ചാരായക്കുപ്പിയിൽ നിന്നും ഒരു കവിൾ കുടിച്ചു. ഒന്ന് കാർക്കിച്ചു തുപ്പി. എന്നിട്ടു വീണ്ടും ആവർത്തിച്ചു.
“നിങ്ങള്‍ക്ക് വേണോ.. വേണമെങ്കിൽ രൊക്കം കാശു തന്നിട്ട് കൊണ്ടുപൊക്കോ..”
“ശരി ഞാൻ വാങ്ങാം.” അയാൾ പറഞ്ഞു.
“ഞാൻ എന്റെ അമ്മയെ കണ്ടിട്ടില്ല. എന്റെ അമ്മയെ കൊന്നുകൊണ്ട് ഭൂമിയേലേക്കു ജനിച്ചിറങ്ങിയവനാണ് ഞാൻ. കുട്ടിക്കാലത്തു കുറെ ആശിച്ചിട്ടുണ്ട്. അമ്മയുണ്ടായിരുന്നെങ്കിലെന്ന്.. പിന്നീട് കാശുണ്ടാക്കിയപ്പോൾ കാശുകൊടുത്ത് ഒരു അമ്മയെ വാങ്ങിയാലോ എന്ന് വരെ ചിന്തിച്ചതാണ്. പക്ഷെ അന്ന് ആരും വിൽക്കാൻ ഉണ്ടായിരുന്നില്ല.”
അയ്യാൾ പറഞ്ഞുനിർത്തി. കീശയിൽ നിന്നും ഒരു തൂവാലയെടുത്ത് കണ്ണടയ്ക്കിടയിലൂടെ കണ്ണ് തുടച്ചു. അയ്യാൾ കാശെടുത്ത് കച്ചവടക്കാരന് നീട്ടി. കയ്യിലിരുന്ന ചാരായക്കുപ്പി താഴെവെച്ചു കച്ചവടക്കാരൻ കാശ് വാങ്ങി എണ്ണാൻ തുടങ്ങി. അതിനിടയിൽ അയാൾ പറഞ്ഞു.
“എനിക്കറിയാവുന്ന ഒരേയൊരു തൊഴിൽ കച്ചവടം ആണ്. എന്റെ കയ്യിൽ ഉണ്ടായിരുന്നതെല്ലാം ഞാൻ വിറ്റു തീർത്തു. ഇനി അമ്മ മാത്രമേ ബാക്കിയുള്ളു... അതുകൊണ്ടാണ്..”
“ഇനി അടുത്ത ചന്ത കൂടുമ്പോൾ ഞാൻ എന്ത് വിൽക്കുമെന്ന് എനിക്കറിയില്ല.”
കച്ചവടക്കാരൻ അമ്മയെ കൈപിടിച്ച് എഴുന്നേൽപ്പിച്ചു അയ്യാളെ ഏല്പിച്ചു. അമ്മയുടെ വസ്ത്രങ്ങൾ അടങ്ങിയ ഒരു ബാഗും അയാൾക്ക് കൊടുത്തു. അത്രയും നേരം കൂട്ടം കൂടി നിന്നവർ ഇരു വശങ്ങളിലേക്കും മാറി അവർക്കു വഴിയൊരുക്കി. അവർ ആ ചന്തയുടെ തിരക്കിൽ മറഞ്ഞു.
കാഴ്ചക്കാർ ഒരു നെടുവീർപ്പിട്ടുകൊണ്ട് ആ കാഴ്ച കണ്ടു നിന്നു. കുറച്ചു സമയം നിശ്ശബ്ദതയായിരുന്നു. പിന്നെ നല്ലൊരു അന്തിക്കച്ചവടത്തിനു സാക്ഷിയായതിന്റെ ചാരിതാർഥ്യത്തോടെ എന്തൊക്കെയോ പിറുപിറുത്തു കൊണ്ട് എങ്ങോട്ടൊക്കെയോ ചിതറി തെറിച്ചു പോയി. വിദൂര ഗ്രഹത്തിൽ നിന്നും വന്നവർ കുറച്ചു വവ്വാലിന്റെ മുട്ടയും വാങ്ങി കവറിലിട്ട് പറക്കും തളികയിൽ കയറി തിരിച്ചുപോയി. ബാക്കിയുണ്ടായിരുന്ന ഒരു സിഗററ്റും കത്തിച്ചു കൊണ്ട് ഞാൻ എന്റെ റൂമിലേക്കും നടന്നു.
കച്ചവടക്കാരൻ പറഞ്ഞ ഒരു കാര്യത്തെപ്പറ്റി മാത്രം ഞാൻ ചിന്തിച്ചു. എല്ലാം വിറ്റു തീർന്നു കഴിഞ്ഞാൽ പിന്നെ എന്ത് വിൽക്കും. ഒന്നും വിൽക്കാനില്ലാത്ത അവസ്ഥ വന്നാൽ ഈ കച്ചവടക്കാരൊക്കെ എങ്ങനെ ജീവിക്കും.. ആഹ്. കുഴപ്പമില്ല. നമുക്ക് വവ്വാലിന്റെ മുട്ടയും, കുതിരയുടെ കൊമ്പും, നീരാളിയുടെ എല്ലും, മണ്ണിരയുടെ നഖവും ഒക്കെ ഉണ്ടല്ലോ..

Write a comment ...