
ആതിരനിലാവിന്റെ, ശീതളഛായയില്‍..
അണിവിരല്‍ കോര്‍ത്തു, നടന്നൊരാനാള്‍..
ഇളം തെന്നല്‍ പുല്‍കിയ, ഇലകള്‍ തന്‍ മര്‍മ്മരം..
നിന്‍ കാതിലെന്തോ,പറഞ്ഞൊരാനാള്‍..
വിണ്ണിലെ താരകം, മണ്ണില്‍ പതിച്ചപോല്‍..
മിന്നിതിളങ്ങി നീ നീലരാവില്‍..
വജ്രം പതിപ്പിച്ച പട്ടുപോലൊഴുകുമാ,
അരുവിപോലും നിന്നെ നോക്കിനിന്നു.
വെണ്ണിലാ ചുംബിച്ച ശീതള നിശീഥമേ,
മറക്കുക നീ ആ പ്രണയഗീതം..
അകലേക്കു മറയുന്ന നേരത്തവള്‍,
തന്നൊരാ കടാക്ഷം നീ മറന്നീടുക..
വിടപറഞ്ഞകലവേ, വെണ്‍തിരി നാട്ടിയ
പ്രണയദീപം നീ അണച്ചീടുക.
ഓര്‍മ്മകള്‍ക്കിന്നിനി പഞ്ഞമില്ലെങ്കിലും
ദുംഖിക്കുവാന്‍ അര്‍ഹനല്ലയീ ഞാന്‍..
പ്രണയത്തിനന്ത്യം വിവാഹമല്ല. പ്രിയേ,
മരണമാണെന്നങ്ങറിഞ്ഞു കൊള്‍ക
അപരന്റെ പത്നിയായ് അവനിയില്‍ തുടരു നീ
മമ സഖിയായെന്‍ ഹൃദയത്തിലും.

Write a comment ...