
പണ്ട് പണ്ട് കാടിനുള്ളില്‍
മിന്നുന്നോരു കല്ല് കണ്ട്.
കാട്ടുവഴിയേ പോയൊരുത്തന്‍
കല്ലുകണ്ട് കണ്ണുതള്ളി
കല്ലെടുത്ത് വൃത്തിയാക്കി
ശുദ്ധിചെയ്ത് ചേലചുറ്റി
മാലയിട്ട് പൊട്ടുതൊട്ട്
തിരിതെളിച്ച് പൂജ ചെയ്ത്
കോവിലൊന്ന് കെട്ടിവെച്ച്
തേവരെന്ന് പേരുവെച്ച്
കല്ലിന്റെ ശക്തി ഭീകരം
ഭയങ്കരം ഹാ! വിസ്മയം.
വരണ്ടയാറില്‍ ഉറവപൊട്ടി
കുലച്ചവാഴ കൂമ്പുനാട്ടി
മണ്ടയില്ലാ തെങ്ങില്‍ പോലും
നാലുകൊല തേങ്ങ കായ്ച്ചു
എന്തിനേറെ ചൊല്ലണം
കല്ലിന്റൊരു ശക്തികൊണ്ട്
കാള നാലിരട്ട പെറ്റ്
കോഴികള്‍ക്ക് മൊലയും വന്ന്
പൂവനെട്ട് മൊട്ടയിട്ട്
ചത്തവര്‍ എണീറ്റുവന്ന്
കാക്ക മലന്നും പറന്ന്
കല്ലുകണ്ട് കൈവണങ്ങാന്‍
നാട്ടില്‍ നിന്നും ആളോളെത്തി
ജാതിനോക്കി അതിരുകെട്ടി
പലരെയവര് ഭ്രഷ്ടരാക്കി
കഷ്ടമായി ദുഃഷ്ടരായി
നല്ലകാലം നഷ്ടമായി
കഷ്ടകാലം സ്പഷ്ടമായി
വെള്ള ഉള്ളം കള്ളമായി
കാവലായി തേവരുണ്ട്
കാഹളങ്ങള്‍ കേള്‍ക്കയായി
കനത്ത കാറ്റ് വീശാമ്പോണ്
ഗുഹയിലേക്കു പോകണം
കല്ലുനോക്കി കുമ്പിടേണ്ട
കാറ്റ് കൊണ്ടുപോകുമേ
കഞ്ചാവിന്‍ പുകയുമേന്തി
കാട്ടുമൂപ്പന്‍ വന്നുചൊല്ലി
നാവടക്കാന്‍ ആജ്ഞാപിച്ച്
തേവര്‍ ഭക്തന്‍ വന്നുനിന്നു
കല്ല് കാത്തുകൊള്ളുമെന്ന്
കല്ലുപോലെ ചൊല്ലിവെച്ചു
കേട്ടവരോ വിശ്വസിച്ച്
തേവര്‍ക്കൊരു മാലയിട്ട്.
കാറ്റുവന്ന് കൊണ്ടുപോയി
തേവരെയും ഭക്തരേം
ഗുഹവാതില്‍ പതിയെ തള്ളി
കാഴ്ച്ച കണ്ടു കാട്ടുമൂപ്പന്‍
നന്നായൊരു പുകയെടുത്ത്
ആസ്വദിച്ച് പുഞ്ചിരിച്ചു.

Write a comment ...