
വെണ്‍നിലാവെപ്പോഴേ പായവിരിച്ചൂ
കൂമനും കൂളിയും ഉറക്കം പിടിച്ചു.
പാലതന്‍ പൂമണം വന്നതില്ല.
എന്റെ പ്രിയസഖി എന്‍ചാരെ എത്തിയില്ല.
അന്നൊരാ രാത്രിയില്‍ ചെമ്പനീര്‍ പൂവുമായ്
പ്രേമാതുരനായി ഞാന്‍ വന്ന നാള്‍
നീലനിലാവിലാ ആമ്പല്‍ കുളത്തില്‍ നിന്‍
നീരാട്ടുകണ്ടമ്പരന്നു നില്‍ക്കേ
അന്നാ പ്രകൃതിയെ സാക്ഷിയാക്കിക്കൊണ്ട്
ഞാനന്നെടുത്തു പ്രതിജ്ഞയൊന്ന്.
എന്‍പാതിയായ് ഇനി പെണ്ണുണ്ടുവെങ്കില്‍
അതു നീ, അതല്ലാതെ ആരുമില്ല.
അതുകേട്ടു തെന്നലെന്‍ കാതില്‍ മൊഴിഞ്ഞൂ
പ്രകൃതിതന്‍ കരളിലെ പ്രണയമന്ത്രം
പ്രേമമുണ്ടെങ്കില്‍ ഇനി മനസ്സുമുണ്ടെങ്കില്‍
ഇന്നപ്രാപ്യമായതായ് ഒന്നുമില്ല.
പ്രണയാതുരനായി ഒരു മാത്ര കൂടിയെന്‍
പെണ്ണിനെക്കാണാന്‍ മുഖം തിരിക്കേ
നിന്‍കണ്ണിലായെന്റെ നോട്ടം പതിഞ്ഞതും
ഭീകര രൂപിണിയായവള്‍ നീ
ദ്രംഷ്ടകള്‍ കാട്ടി അലറിയാര്‍ക്കുന്നതും
രക്തദാഹത്താലെ പാഞ്ഞടുക്കുന്നതും
പുല്ലുകള്‍ കൊണ്ടു പുടവ ചമയ്പ്പതും
വേരുകളാലേ കെണിയൊരുക്കുന്നതും
ഭീകരമായുള്ള ചേഷ്ടകള്‍ കാട്ടി നീ
പെടിപ്പെടുത്തുന്നതെന്തിനാവോ
പ്രണയം തിരസ്കരിക്കുന്നുവെന്നാണോ
യക്ഷിവര്‍ഗ്ഗത്തിന്‍ വിനോദമാണോ
ഭയമേതുമില്ലാതെ ഞാൻ വന്നതല്ലേ
പ്രണയമെൻ കൺകളിൽ കണ്ടതില്ലേ
യക്ഷിയാണെങ്കിലും പെണ്ണുതന്നല്ലേ
കല്ലുപോലുള്ള ഹൃദയമല്ലേ
പ്രണയം നിഷിദ്ധമെന്നാദ്യം പറഞ്ഞവള്‍
പിന്നെ അതു നുണയെന്ന് കണ്ണാൽ പറഞ്ഞവൾ
ധവളമാം പൂക്കളും പൂനിലാവും സാക്ഷി
നില്‍ക്കേ എന്‍ മാറോടു ചേര്‍ന്നു കിടന്നവള്‍
ഒടുവില്‍ ആ രാത്രിയില്‍ വിടപറഞ്ഞകലവേ,
എന്‍ പിന്‍വിളിക്കായി കാതോര്‍ത്തു നിന്നവള്‍
യക്ഷിയാണെങ്കിലും പെണ്ണുതന്നല്ലേ
സ്നേഹിക്കുവാനായ് പിറന്നതല്ലേ
നിരന്തര ശീതളമായ നിന്‍ മേനി നാം
ഊഷ്മളമാക്കിയ നേരം
രക്തം പുരണ്ടൊരാ ചുടു ചുംബനത്തില്‍ നാം
നാഗങ്ങളാകിയ നേരം
തിങ്കളും താരങ്ങളും നമ്മളെക്കണ്ടു
മിഴിമൂടി നിന്നൊരാ രാവില്‍
താമരയില കൊണ്ടു മേനി മറച്ചു നീ
വ്രീളാവതിയായ നേരം
ഒരുമാത്ര നിന്‍ ചാരെ വന്നിരുന്നീടുവാന്‍
നിന്നെ എന്‍ മാറോടു ചേര്‍ത്തണച്ചീടുവാന്‍
നിന്റെ അധരങ്ങള്‍ എന്‍ ചുണ്ടോടു ചേര്‍ക്കുവാന്‍
ഒരു വേള കുടി നിന്‍ പ്രണയം രുചിക്കുവാന്‍
മോഹമുണ്ടേറെ എന്‍ ഓമലാളെ
വൃധാ നേരം കളയാതെ വന്നുചേരൂ.
വെറ്റിലച്ചെല്ലം നിറച്ചുവെച്ചൂ സഖീ
നീ വന്നണയുന്ന നേരത്തിനായ്.
പാഴായ് കളയുവാൻ നേരമില്ലൊട്ടുമീ
രാത്രിക്കും ഇനിയേറെ ദൈർഖ്യമില്ല.
രാത്രിഞ്ചരന്മാർ മയങ്ങുന്ന നേരമായ്
പ്രിയസഖീ നീ മാത്രം എങ്ങുപോയി
രക്തം കുടിച്ചു മയങ്ങിയോ നീ സഖീ
നിന്റെയീ തോഴനെ മറന്നുപോയോ
ആവാഹനം ചെയ്തു നിന്നെയവർ
ആണിയാൽ പാലമരത്തിൽ തറച്ചുവെച്ചോ
കാത്തിരുന്നീടുവാൻ ആകുകില്ലൊട്ടും
നിന്നെ തിരഞ്ഞു ഞാൻ വന്നിടുന്നു.
നീ കുടിയിരിക്കുന്ന പാലമരത്തിന്റെ
ചോട്ടിലായ് നാമിന്നു കണ്ടുമുട്ടും.
ഹാ കഷ്ടം ആരുചെയ്തീ ക്രൂരത
ആരു മുറിച്ചീ മരങ്ങളെല്ലാം
ഈ മരത്തടികളുടെ ഇടയിൽ ഞെരുങ്ങി നീ
ചേതനയറ്റു കിടക്കയാണോ?
മരണമൊരു തവണ കഴിഞ്ഞതല്ലേ പ്രിയേ
അപ്പോഴേ യക്ഷിയായ് തീർന്നതല്ലേ
മാനവ സംസർഗം ഉള്ളതല്ലേ പ്രിയേ
പലതവണ മരണമിനി സ്വഭാവികം
നിന്റെയീ ദുര്‍ഗ്ഗതിക്കിവിടിന്നു കാരണം
എന്‍ കുലം എന്നറിഞ്ഞീടുന്നു ഞാന്‍
എന്‍ പ്രാണനിന്നങ്ങെടുത്തു കൊള്ളൂ സഖീ
എന്നെ നിന്‍ ചാരേക്കു കൊണ്ടുപോകൂ
ഏതുലോകത്തില്‍ നീ പോയിരുന്നാലും
എത്ര രൂപങ്ങള്‍ നീ മാറിവാണാലും
ഒടുവിലൊരു നാളില്‍ നാം കണ്ടുമുട്ടും അന്ന്
ഞാന്‍ നിന്നിലായങ്ങലിഞ്ഞുചേരും.

Write a comment ...