
ഭീകരരൂപമാകുന്നിതാ പൂമരം
ആടുന്ന കോമരം പോലെ..
ആ വഴിവക്കിലെ പൂമരം
പാഴ്മരം ചൊല്ലുന്നു മാലോകര്‍ നീളേ..
കാമുകന്മാര്‍ക്കിത് ചുംബനപ്പൂമരം
പാതിരാവില്‍ തനി പേമരം.
വെണ്ണിലാതൂവുന്ന രാത്രിയില്‍ പൂമരം
അപ്സരസ്സുന്ദരി പോലെ.
രക്തരുഷിതമാം പൂക്കള്‍ പൊഴിക്കുന്നു
പാതിരാവില്‍ അവള്‍ നീളേ..
നട്ടുച്ചനേരത്ത് ശീതളച്ഛായയും
പ്രണയാര്‍ദ്രമാം ചെറു പൂക്കളും..
പെണ്ണവള്‍ പൂക്കള്‍ പെറുക്കി
വിരല്‍കളില്‍ ചേര്‍ത്തൂ
നഖങ്ങള്‍ പതുക്കെ.
രക്ഷസ്സുപോലെ ഭയപ്പെടുത്തി
അവള്‍ രാക്ഷസി പോലെ അലറി.
ഒടുവില്‍ നുണക്കുഴി കാട്ടി പിന്നെ
എന്റെ അധരത്തിന്നാഴങ്ങള്‍ തേടി.
ഇനിയില്ലതുപോല്‍ പ്രണയാര്‍ദ്രമാം ദിനം
ഇനിയില്ല പൂമരം നാളെ,
തീവണ്ടി പോകേണ്ട പാതയാണത്രേ
വെട്ടിമുറിക്കേണമത്രേ..
യന്ത്രക്കരങ്ങള്‍ വടം കുരുക്കി മരം
ഞെട്ടിത്തരിച്ചു വിറച്ചു.
പൂമരം വീടായ ജീവജാലങ്ങള്‍
ആശങ്കയോടെ പകച്ചു.
യന്ത്രക്കരങ്ങള്‍ പിടി മുറുക്കി മരം
മെല്ലെ ഇളകി ചരിഞ്ഞു.
മക്കളെ ചിന്തിച്ചു തള്ളക്കിളികള്‍
ചിറകിട്ടടിച്ചു കരഞ്ഞു.
പൂമരപ്പൊത്തിലെ അണ്ണാറക്കണ്ണനും
വേപഥുപൂണ്ടു ചിലച്ചു.
ഹൂങ്കാരശബ്ദമോടങ്ങനെ പൂമരം
വേരറ്റവനിയില്‍ വീണു.
കാണികളാകിയ മാലോകവൃന്ദവും
ഹാ കഷ്ടമെന്നു മൊഴിഞ്ഞു.
കാമുകന്മാരുടെ ചങ്കിലെ കണ്ണുനീര്‍
വിണ്ണിനും കണ്ണുനീരായി.
തള്ളക്കിളികളിന്‍ കണ്ണുനീര്‍ പേമാരി
തന്നില്‍ ലയിച്ചങ്ങുപോയി.
മണ്ണും മരങ്ങളും നാമും മൃഗങ്ങളും
ഒക്കെയൊരേ പ്രാണനല്ലേ..
കൊന്നുകൊന്നിങ്ങനെ എത്രകാലം
എല്ലാം നാളേക്കു കാത്തുവയ്ക്കണ്ടേ...

Write a comment ...